ഹോപ്പും സുമനസ്സുകളും കൈകോർത്തു: രണ്ട് കുടുംബങ്ങൾക്ക് വീടൊരുങ്ങി.
ആലത്തൂർ: ബി എസ് എസ് ഗുരുകുലം ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവകാരുണ്യ സംഘടനയായ ഹോപ്പിനൊപ്പം സുമനസ്സുകൾ ഒരുമിച്ചപ്പോൾ രണ്ട് നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടൊരുങ്ങി. ഹോപ്പിൻ്റെ നിർമ്മൽ ഭവനപദ്ധതിയുടെ ഭാഗമായാണ് രണ്ട് കുടുംബങ്ങൾക്ക് വീടുകൾ വെച്ച് നൽകിയത്. മുടപ്പല്ലൂർ പന്തപ്പറമ്പ് സ്വദേശിനി തങ്കമ്മയ്ക്കും, മകൾ പ്രഭാവതിയ്ക്കുമായി പന്തപ്പറമ്പിൽ നിർമ്മിച്ച വീടിൻ്റെയും, മേലാർകോട് സ്വദേശിനി ഭാഗീരഥിയ്ക്കും, സഹോദരി പ്രേമയ്ക്കുമായി മേലാർകോട്ടിൽ നിർമ്മിച്ച വീടിൻ്റെയും താക്കോൽ കൈമാറി. മേലാർകോട്ടിലെ വീടിൻ്റെ നിർമ്മാണത്തിൽ സഹാറ ഗ്രനൈറ്റ്‌സും, മുടപ്പല്ലൂരിൽ പ്രദേശവാസികളായ സുമനസ്സുകളും പങ്ക് ചേർന്നു. ജില്ലയിലെ 101 നിർധന കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്ന ഹോപ്പിൻെറ നിർമ്മൽ ഭവനപദ്ധതിയിലെ പത്താമത്തെയും, പന്ത്രണ്ടാമത്തെയും വീടുകളുടെ താക്കോൽ കൈമാറ്റമാണ് വ്യാഴാഴ്ച നടന്നത്.
ശക്തമായ മഴ പെയ്താൽ തകർന്ന് വീഴുന്ന തരത്തിലുള്ള ഒറ്റമുറി വീട്ടിലായിരുന്നു സഹോദരികളായ ഭാഗീരഥിയമ്മയും, പ്രേമകുമാരിയമ്മയും താമസിച്ചിരുന്നത്. സുരക്ഷിതമായ ഒരു വീട് സ്വപ്നം കണ്ട് പുതിയ വീടിൻ്റെ തറ പണി പൂർത്തിയാക്കിയെങ്കിലും സാമ്പത്തികപ്രതിസന്ധി മൂലം പണി പാതിയിൽ മുടങ്ങി. ഈ സാഹചര്യത്തിലാണ് ഹോപ്പും സഹാറ ഗ്രാനൈറ്റ്സും കൈകോർത്ത് ഇവരുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്.
പന്തപ്പറമ്പിൽ പല വീടുകളിലായി വീട്ടുജോലികൾ ചെയ്ത് തുച്ഛമായ വരുമാനം കൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നവർ ആണ് തങ്കമ്മയും മകൾ പ്രഭാവതിയും. സ്വന്തമായി വീട് വെക്കണം എന്ന ആഗ്രഹം സാമ്പത്തികപ്രയാസം കാരണം ഒരു സ്വപ്നമായി നിൽക്കുമ്പോഴാണ് ഹോപ്പും പ്രദേശവാസികളും ചേർന്ന് എല്ലാ സൗകര്യവും ഉള്ള വീട് പണിത് നൽകിയത്.
വ്യാഴാഴ്ച നടന്ന താക്കോൽ കൈമാറ്റ ചടങ്ങിൽ ബി എസ് എസ് എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡൻ്റ് സി ബാലചന്ദ്രൻ, ഹോപ്പ് പ്രസിഡൻ്റും, ബി എസ് എസ് ഗുരുകുലം ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലും ആയ ഡോ. വിജയൻ വി ആനന്ദ്, പിടിഎ പ്രസിഡൻ്റ് വി ശ്രീനിവാസൻ, വൈസ് പ്രസിഡൻ്റ് എ സാബിർ, ഗ്രാമപഞ്ചായത്ത് അംഗം, സഹാറ ഗ്രാനൈറ്റ്സ് മാനേജർ പത്മരാഗൻ, ഷൈജ തുടങ്ങിയവർ പങ്കെടുത്തു.



